ജീവിതം ക്വാണ്ടം ഭൌതികത്തെക്കാള്‍ അനിശ്ചിതമായ പകിട കളിയാണ്. അനേകം ജീവനുകളുടെ മരണത്തിലേക്കുള്ള യാത്രകളില്‍ തമ്മില്‍ കൂടി പിണഞ്ഞു ദുര്‍ഗ്രാഹ്യമാം വിധം സങ്കീര്‍ണമായ ഒരു പ്രതിഭാസം. ആര്‍ക്കും ആരെയും മനസ്സിലാകുന്നില്ല. പക്ഷെ എല്ലാവരും അങ്ങനെ നടിക്കുന്നു, മനപ്പൂര്‍വം അല്ലെങ്കില്‍ എല്ലാവരും തന്നെപ്പോലെയൊക്കെ തന്നെയാണ് എന്ന ധാരണയുടെ പുറത്ത് . അവനവനെ പോലും അറിയാതെ എന്തോ കണ്ട് എന്തോ മനസ്സിലാക്കി എന്തൊക്കെയോ പറഞ്ഞു നാടകത്തിന്റെ കഥയോ തിരക്കഥയോ ഒന്നും അറിയാതെ ഓരോ നടനും രംഗം വിടുന്നു. ദൈവം എന്ന് വിളിക്കപ്പെടുന്ന സംവിധായകന് ഉന്മാദത്തിന്റെ ഏതോ നിമിഷത്തില്‍ സൃഷ്ടി നിര്‍വഹിക്കേണ്ടി വന്ന മദ്യപനായ ഒരു കലാകാരനെപ്പോലെ തന്റെ സാന്നിധ്യം പോലും അറിയിക്കാന്‍ കഴിയാതെ എവിടെയോ ഒളിച്ചിട്ടുണ്ടാവണം. ഞാന്‍ എന്റെ കഥാപാത്രം അഭിനയിക്കുന്നു...കഥയും തിരക്കഥയും അറിയാതെ...സംവിധായകനെ കാണാതെ...
ആൾക്കൂട്ടത്തിൽ കേൾക്കാതെ പോകുന്നത്